Wednesday, November 20, 2013

കഥാബീജം

ഒരു കഥയെഴുതണം.
ഒരുപാട് നാളായുള്ള ആഗ്രഹമാണ്. എത്ര ശ്രമിച്ചിട്ടും കഥയെഴുതാന്‍ കഴിയുന്നില്ല. എല്ലാവരും കഥയെഴുതാറുണ്ട്. അനിയന്മാരും കഥയെഴുതുന്നുണ്ട്.
എനിക്കും ഒരു കഥയെഴുതണം...
എങ്ങനെയാ കഥയെഴുതുന്നത്.

കവിത എഴുതിയിട്ടുണ്ട്... അത് കവിതയാണോ...
അറിയില്ല ഞാന്‍ എഴുതിയത് കവിതയാണ്!

കഥയെഴുതാന്‍ പടിക്കണം
ഉപ്പ പറഞ്ഞു,
       ഒരുപാട് കഥകള്‍ വായിക്കാന്‍, ലോകത്തെ നിരീക്ഷിക്കാന്‍
ഉപ്പയും കഥയെഴുതിയിട്ടുണ്ട്,

ഒരുപാട് കഥകള്‍ വായിച്ചു
ബഷീറിന്റെ കഥകള്‍ വായിച്ചപ്പോഴാണ് കഥയുടെ ''കഥ'' മനസ്സിലായത്

മനുഷ്യന്റെ പ്രത്യുല്പാദനത്തിന് ബീജം അനിവാര്യമെന്ന പോലെ കഥക്കും വേണം ബീജം
''കഥാബീജം''
ബീജം അണ്ഡത്തിലേക്ക് പ്രവഹിക്കുന്നതുപോലെ ''കഥാബീജം'' നമുക്ക് ചുറ്റും ഇടവിടാതെ സഞ്ചരിക്കുന്നുണ്ടെന്ന് ഉമ്മ പറഞ്ഞു.

    കഥാബീജത്തെ ആവാഹിക്കാന്‍ മനസ്സും ശരീരവും ശാന്തമാക്കി ഒരുപാട് സമയം ഇരുന്നിട്ടും കഥാബീജം കിട്ടിയില്ല!

    ഒടുവില്‍ തുണിയും മടക്കിക്കുത്തി അങ്ങാടിയിലേക്കിറങ്ങിയപ്പോള്‍

*ബീജത്തെ പ്രവഹിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ചെറുപ്പക്കാര്‍
*ഹംസത്തിന് പാലും മുട്ടയും ഓഫര്‍ ചെയ്തു കൊണ്ട് ഭാവി ''കള്ള''കാമുകന്മാര്‍
*ഒരുപാട് ന്യൂനതകളുണ്ടെങ്കിലും അതെല്ലാം വൃത്തിയായി മറച്ചുവെച്ച് സമ്പൂര്‍ണ്ണരായി ചായക്കടയില്‍ ഇരിക്കുന്നവര്‍
*ഒരു നുള്ള് മുഹബ്ബത്തിനായി സുലൈമാനി നുണയുന്നവര്‍
*കഴിവുണ്ടായിട്ടും ഇരക്കുന്നവര്‍, കഴിവില്ലാതിരുന്നിട്ടും നിലനില്‍പ്പിനായി നെട്ടോട്ടമോടുന്നവര്‍
*വീടിനെ മറന്ന് നാടിനെ സ്നേഹിക്കുന്നവര്‍

എന്നെപ്പോലെ പലതും തേടി അലയുന്നവര്‍

                  ''കഥാബീജങ്ങള്‍''

കുട്ടിക്കാലം, നഷ്ടപ്പെട്ട കിനാക്കാലം I

             അന്ന് ആകെക്കൂടി ഒരു ഓര്‍മകളുടെ ദിവസമായിരുന്നു, എല്‍.പി സ്കൂളില്‍ കൂടെ പഠിച്ച ശരത്, ഹൈസ്കൂളില്‍ പഠിച്ച സഫിയ എന്നിവരെ നേരില്‍ കാണുകയും, മറ്റു സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു, നല്ലൊരു അനുഭവമായിരുന്നു അന്നത്തെ യാത്ര.
          13  വര്‍ഷങ്ങള്‍ക്കു ശേഷമാണു ഞങ്ങള്‍ ശരത്തിനെ കാണുന്നത്, ഏറെ അപ്രതീക്ഷിതമായ ആ സന്ദര്‍ശനം അവനെ അകെ അത്ഭുതഭരിതനാക്കി (തളര്‍ത്തി എന്നൂ വേണമെങ്കില്‍ പറയാം, എന്‍റെ സൈസ് കണ്ടിട്ടാണോ എന്ന് സംശയമില്ലാതില്ല) . അവനു ഞങ്ങള്‍ ആരാണെന്ന് വെളിപ്പെടുത്തുന്നതിനു മുമ്പ് എന്നെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. എന്നാല്‍ എന്റെ  കൂടെ വന്നിരുന്ന അസറുവിനെ അവനു പെട്ടെന്ന് മനസ്സിലായി. (എനിക്ക് മാത്രം ഒന്നും മനസ്സിലായില്ല) അന്നൊക്കെ അസറുവിനെക്കാള്‍ അടുപ്പമായിരുന്നു എന്നോടവന്. എന്നിട്ടും എപ്പോഴോ മറക്കേണ്ട മുഖം അവന്റെ മനസ്സിലുണ്ട്. അവന്‍റെ ആ ഒരു പെരുമാറ്റത്തില്‍ എനിക്ക് ചെറിയൊരു സങ്കടം തോന്നി. എങ്കിലും ഞങ്ങള്‍ എന്നെ പരിജയപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ അവന്‍ ഞങ്ങളെ അറ്റാക്ക് ചെയ്തു. അവനൊരൊറ്റ ചോദ്യം ശാഹുലല്ലേ... അവാര്‍ഡ് സിനിമകളിലെ രംഗങ്ങളെ ശരീരത്തില്‍ ആവാഹിച്ചെടുത്തൊരു പ്രകടനം മനസ്സിലുദിച്ചിരുന്നു. പക്ഷെ അതൊരു കോമഡി സ്കിറ്റാവുമോ എന്ന ഭയത്താല്‍ അതിനുള്ള ശ്രമം തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ആരോ പറഞ്ഞു..
          അങ്ങനെ അവിടെ ഒരുപാട് സമയം സംസാരിച്ചിരുന്നു. സംസാരത്തിനിടയില്‍ ഷീല ടീച്ചറും വസന്ത ടീച്ചറും പഴയ കൂട്ടുകാരും സൂചിയംപും ഡയറിയും എല്ലാം കടന്നുവന്നിരുന്നു. അതിനിടക്കാണ് അസറു ബോംബായുള്ളി എടുത്തിട്ടത്.  ഞാനാകെ ചൂളിപ്പോയി. (ബാല്യത്തിന്റെ ചാപല്യത്തില്‍ സംഭവിച്ചൊരു ചെറിയ മോഷണശ്രമം) വിഷയം മാറുന്നതിനു വേണ്ടി ഞാന്‍ അവർക്ക് സംഭവിച്ച അബദ്ധങ്ങളും പറയാന്‍ തുടങ്ങി. അതോടെ അവരും മെല്ലെ വിഷയത്തില്‍ നിന്നും മാറി.       
          
       വരുന്ന വഴി രാഹുലിന്റെ വീട്ടിലൊന്നു കയറി. അവനെ കാണാന്‍ കഴിഞ്ഞില്ല, പക്ഷെ അമ്മയെയും പെങ്ങളെയും കണ്ടു. അവര്‍ക്കും അസറുവിനെ പെട്ടെന്ന് മനസ്സിലായി. എന്നെ അവര്‍ക്കും ആരാണെന്ന് പറയുന്നതുവരെ മനസ്സിലായില്ല. പക്ഷെ എല്ലാ ഓര്‍മകളും അവരിലുണ്ട്. കുറച്ചു നേരം സംസാരിച്ചപ്പോഴേക്കും പഴയ ആ ചെട്ടിപ്പടി ജി.എല്‍.പി സ്കൂളിലെ പ്ലേഗ്രൗണ്ടിലെത്തിയത് പോലെ തോന്നി.
          എല്ലാവരെയും കാണുമ്പോള്‍ പഴയ കാല ഓര്‍മ്മകള്‍ ഒരുപാട് പങ്കുവെച്ചു. തിരിച്ചു പോരുമ്പോള്‍ യാത്രക്കിടയില്‍ ഞങ്ങളുടെ രണ്ടു പേരുടെയും മനസ്സില്‍ ആ പഴയ ഓര്‍മകളുടെ മൊട്ടുകള്‍ വിരിയാന്‍ തുടങ്ങി. ബൈക്കിന്‍റെ ഓരോ ചാട്ടത്തിലും സന്തോഷത്തിന്റെ തിരമാലകള്‍ അലതല്ലുകയായിരുന്നു.